ചെന്നൈ: ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി ബ്രിട്ടീഷ് കമ്പനി വൺ വെബിന്റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ എൽവിഎം-3 റോക്കറ്റ് വിക്ഷേപിച്ചു.രാവിലെ ഒൻപത് മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും വലിയ LVM3 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു.
ഇന്നത്തെ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആകും. പദ്ധിതയുടെ ഒന്നാഘട്ടം ഇതോടെ പൂർത്തിയാകും. ഈ വര്‍ഷം തന്നെ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്കാന് കഴിയുമെന്ന് വണ്‍ വെബ് അറിയിച്ചു.ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ജിഎസ്എൽവി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്റെ പരിഷ്കൃത രൂപമാണ് എൽവിഎം 3. എൽവിഎം 3യിലൂടെ 5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണു 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നത്.
ഭാരതി എന്റർപ്രൈസസാണ് വൺ വെബിന്റെ പ്രധാന നിക്ഷേപകരും ഓഹരി ഉടമയും.വൺ വെബ് കമ്പനിയുടെ 18–ാമത്തെയും ഈ വർഷത്തെ മൂന്നാമത്തെയും ദൗത്യമാണ് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്.ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. 2022 ഒക്ടോബർ 23 ന് എൻഎസ്ഐഎൽ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു.