“സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി” കെ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഐപിസി 509, 304 എ എന്നീ വകുപ്പുകൾ ചുമത്തി കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. മുൻ എം പിയും ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ സി എസ് സുജാത നൽകിയ പരാതിയിലാണ് നടപടി.

‘സ്ത്രീശാക്തീകരണത്തിന്‍റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ് കെ സുരേന്ദ്രൻ ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു.കെ സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു.സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ച കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാൻ കഴിയുമെന്നും അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.സിപിഎം സഹയാത്രികനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ മ്യൂസിയം പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.