ഭാര്യാമാതാവിനെ വെട്ടിക്കൊന്ന മധ്യവയ്സകൻ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു

തിരുവനന്തപുരം ∙ നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭാര്യാമാതാവിനെ വെട്ടിക്കൊന്ന മധ്യവയ്സകൻ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യ മുംതാസിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷമാണ് ഇയാൾ ആത്മഹത്യക്കു ശ്രമിച്ചത്. അഴിക്കോട് വളപ്പെട്ടി സ്വദേശി ഷാഹിറ (67) ആണ് മരിച്ചത്. മരുമകനായ അലി അക്ബര്‍ ആണ് ഇവരെ വെട്ടിയത്. ആക്രമണത്തിനുശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിലാണ്.

വ്യാഴാഴ്ച പുലർച്ചെ 4.30നാണ് ക്രൂരകൃത്യം അരങ്ങേറിയത്. നെടുമങ്ങാട് ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബർ നാളെ സർവിസിൽനിന്നു വിരമിക്കാനിരിക്കെയാണ് സംഭവംഇയാൾ വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് ഷാഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം. പത്തു വർഷമായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടിൽ തന്നെയായിരുന്നു താമസം. ഷാഹിറ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അലിയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഒരു മകനുണ്ട്.