സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ മർത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ൽ തിരുവനന്തപുരത്താണ് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവൽ സാറാ തോമസിന്റെ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പി.എ. ബക്കർ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്‌കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.

മധ്യവർഗ കേരളീയപശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികൾ ശ്രദ്ധേയമാണ്. ‘ദൈവമക്കൾ’ എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.

‘നാർമടിപ്പുടവ’ എന്ന നോവലിൽ തമിഴ് ബ്രാഹ്‌മണരുടെ ജീവിതം ചിത്രീകരിക്കുന്നു. ഈ കൃതിക്ക് 1979 ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.