മലയാളികളുടെ പ്രിയപ്പെട്ട നടനായ ഇന്നസെന്റിന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് പ്രേക്ഷകരും മലയാള സിനിമാ ലോകവും ഇതുവരെ മുക്തരായിട്ടില്ല. ന്യുമോണിയ ബാധിതനായി ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു അന്ത്യം. നടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മഹാ നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു. ഇന്നസന്റിനെ അവസാനം ഒരു നോക്ക് കാണാൻ കഴിയാത്തതിലുള്ള വേദനയുമായി എ എം ആരിഫ് എം പി.
” പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാലും പ്രക്ഷുബ്ദമായ പല സംഭവങ്ങളും പാർലമെൻറിൽ നടക്കുന്ന സാഹചര്യമായതിനാൽ മാറിനിൽക്കാൻ സാധിക്കാത്തതിനാലും എനിക്ക് ഏറെ പ്രിയപ്പെട്ട ഇന്നസെൻ്റ് ചേട്ടൻ്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല. എന്നാൽ ഇന്ന് പാർലമെൻറ് പിരിഞ്ഞ് ഉടൻതന്നെ അദ്ദേഹത്തിൻറെ വീട്ടിലെത്തി.
ഇപ്പോഴും ഇന്നസെൻ്റ് ചേട്ടൻ്റെ വേർപാടിൽ മാനസിക ആഘാതത്തിൽ നിന്നും ഇന്നസെൻ്റ് ചേട്ടൻറെ ഭാര്യ ആലീസ് ചേച്ചി വിമുക്ത ആയിട്ടില്ല. ഞാൻ വീട്ടിൽ ചെല്ലുമ്പോൾ കയ്യിൽ ട്രിപ്പ് ഇട്ട് കട്ടിലിൽ കിടക്കുകയാണ്. മകൻ സോനറ്റും ഭാര്യയും സോനറ്റിൻ്റെ മകൻ ഇന്നസെൻ്റും മകൾ അന്നയും ഉണ്ടായിരുന്നു വീട്ടിൽ. തൻറെ കുടുംബ ജീവിതത്തിലെ ഒരുപാട് അനുഭവങ്ങൾ സോനറ്റും ഭാര്യയും ചെറുമക്കളുമെല്ലാം പങ്കുവെച്ചു. ഇന്നസെൻ്റ് ചേട്ടൻ്റെ പുസ്തകങ്ങളുടെയെല്ലാം ഒരു കോപ്പി എന്നെ കാണുമ്പോൾ തരുമായിരുന്നു.
അദ്ദേഹത്തിൻറെ ഒരു പുസ്തകത്തിന്റെ ഒരു ഭാഗം അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ പഠിപ്പിക്കുന്നുണ്ട്. ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം 8,9 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. അറബി ഭാഷയിലേക്ക് കൂടി അത് പരിഭാഷപ്പെടുത്താനുള്ള കരാറുകൾ ഒപ്പു വെച്ചിരിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിൻ്റെ വേർപാട്. അദ്ദേഹത്തിന് കിട്ടിയിട്ടുള്ള ഓരോ സമ്മാനങ്ങളും വീട്ടിൽ അലങ്കരിച്ചു വെച്ചിട്ടുണ്ട്. ‘അതെല്ലാം അവർ സ്നേഹത്തോടെ തരുന്നതാണ്; അതു നമ്മൾ തള്ളി കളയരുത്’ എന്നു പറഞ്ഞു വീടിൻ്റെ അതിഥി മുറിയിൽ തന്നെ അതെല്ലാം പ്രത്യേകം ചില്ലിട്ട് സൂക്ഷിച്ചു വച്ചിട്ടുണ്ട്. സമ്മാനങ്ങൾ കിട്ടുമ്പോൾ എല്ലാം നമ്മൾ നിസ്സാരമായി കാണുന്ന പലതും എത്ര സൂക്ഷ്മതയോടെയാണ് അദ്ദേഹം സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്ന് നമുക്ക് കാണാൻ കഴിയും.
അദ്ദേഹം ഏറ്റവും ഒടുവിൽ എഴുതിയ പുസ്തകത്തിൻ്റെ പ്രകാശനം നടന്നില്ല എന്ന് തോന്നുന്നു. “ഈ ലോകം അതിലൊരു ഇന്നസെൻ്റ്”എന്ന പുസ്തകം ഇന്നസെന്റിന്റെ ചെറു മകൻ (സോനറ്റിൻ്റെ മകൻ) ജൂനിയർ ഇന്നസെൻ്റാണ് എനിക്ക് കൈമാറിയത്. ഇന്നസെൻറ് തന്നെയാണ് തന്നത് . ജൂനിയർ ഇന്നസെൻറ് ആണെന്ന് മാത്രം . അതിൽ ഉടനീളം അനിതര സാധാരണമായ ഒരു രചന വൈഭവമാണ് അദ്ദേഹത്തിന്റേത്. അതിലെ ഓരോ വരികളും വായിക്കുമ്പോഴും അദ്ദേഹം നമ്മളോട് നേരിട്ട് സംസാരിക്കുന്നതായിരുന്നു നമുക്ക് തോന്നും. വളച്ചു കെട്ടുകളൊന്നും ഇല്ലാതെ നർമ്മ രസ പ്രധാനമായി അദ്ദേഹം കാര്യങ്ങൾ നമ്മോട് പറയും.
അങ്ങനെ ഒരിക്കലും മലയാളികളുടെ ജീവിതത്തിൽ നിന്നും ഇന്നസെന്റിനെമാറ്റിനിർത്തുവാൻ ഒരു ദിവസം പോലും കഴിയില്ല. ഒന്നെങ്കിൽ ഏതെങ്കിലും ഒരു ട്രോളുകൾ നമ്മൾ നവമാധ്യമങ്ങളിൽ കാണുമ്പോൾ അതിൽ ഒരു ഇന്നസെൻറ് ഡയലോഗ് ഉണ്ടാകും. അല്ലെങ്കിൽ ടി വി യുടെ മുന്നിൽ ഇരിക്കുമ്പോൾ ഒരു സിനിമ കാണാം എന്ന് വിചാരിച്ചാൽ ഏതെങ്കിലും ചാനലുകൾ മാറ്റുമ്പോൾ അതിൽ ഇന്നസെൻറ് ഉണ്ടാകും. വ്യക്തി ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന ഓരോ കാര്യങ്ങൾ വരുമ്പോഴൊക്കെ അറിഞ്ഞുമറിയാതെയും ഒക്കെ ഇന്നസെന്റിനെ നമ്മൾ ഓർക്കും.
ഇത്രയും അധികം ഓർമ്മകൾ നമുക്ക് സമ്മാനിച്ചു പോയ മറ്റൊരു നടൻ ഇല്ല. നടന വൈഭവത്തിന്റെ ഇതിഹാസമാണ് ഇന്നസെൻ്റ്. അദ്ദേഹവുമായി ഒരുപാട് ഒരുപാട് വേദികൾ ഒരുമിച്ചിരുന്നതിന്റെ ഓർമ്മകൾ ഓർക്കുമ്പോൾ തീർച്ചയായും ഇന്നസെൻ്റ് ചേട്ടൻ മരിക്കുന്നില്ല. നമ്മളുടെ ഓർമ്മകളിലൂടെ അദ്ദേഹം ജീവിച്ചിരിക്കുകയാണ്. മരണമില്ലാത്ത ഇന്നസെൻ്റിന് ആദരാഞ്ജലികൾ.”