തൃശ്ശൂര്‍ : അവണൂരില്‍ എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനെന്ന ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പോലീസ്.ശശീന്ദ്രന്റെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥാണ് കൊലപാതകത്തിന് പിന്നിൽ.ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. മരിച്ച ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെണ് മയൂർനാഥ്.അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ഇത്തരമൊരു കൃത്യം നിർവഹിക്കാൻ മയൂർനാഥിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.കടലക്കറിയിൽ വിഷം ചേർത്ത് നൽകി അച്ഛനെ കൊല്ലുകയായിരുന്നു.
തന്റെ അമ്മയെ വേണ്ടവിധം സംരക്ഷിക്കാത്തതിനാലാണ് അമ്മ ആത്മഹത്യ ചെയ്യാൻ ഇടയായത്. രണ്ടാനമ്മയോട് സ്നേഹമോ വിദ്വേഷമോ ഇല്ല. അച്ഛനോടായിരുന്നു പകയുണ്ടായിരുന്നത്. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് വിഷക്കൂട്ട് നിർമ്മിക്കാനായത്. അച്ഛനുമായി സ്വത്തു തർക്കമുണ്ടായിരുന്നു അച്ഛനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും എന്ത് ശിക്ഷ ലഭിച്ചാലും അത് സ്വീകരിക്കുമെന്നും മയൂർനാഥ് ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.
രാവിലെ വീട്ടിൽ നിന്നും ഇഡഡ്ലിയും കടലക്കറിയും കഴിച്ചശേഷം എടിഎമ്മിൽ നിന്നും പണം എടുക്കാൻ നിന്ന ശശീന്ദ്രൻ കുഴഞ്ഞുവീണു.ഉടനെത്തന്നെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും എത്തിച്ചെങ്കിലും രക്തം ഛർദ്ദിച്ചു മരണപ്പെടുകയായിരുന്നു. അസ്വാഭാവിക മരണം എന്ന നിലയിലാണ് ആദ്യം പോലീസ് കേസെടുത്തത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നെന്ന സംശയത്തെ തുടർന്ന് ശശീന്ദ്രന്റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി കാക്കനാട്ടെ ഫോറൻസിക് ലാബിലേക്കയച്ചു.
ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടിൽ പണിക്ക് വന്ന രണ്ട് തൊഴിലാളികളും കടലക്കറി കൂട്ടി ഭക്ഷണം കഴിച്ചു അവശനിലയിലായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ശശീന്ദ്രന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മയൂർനാഥിനെ ചോദ്യം ചെയ്ത പോലീസ് ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.ആയൂർവേദ ഡോക്ടറായ മയൂർനാഥ് ഓണ്‍ലൈനിലൂടെ വരുത്തിയ വിഷവസ്തുക്കള്‍ സ്വന്തമായി തയ്യാറാക്കി കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.