ചുട്ടുപൊള്ളുന്ന ചൂടിൽ കേരളം, താപസൂചിക കുത്തനെ ഉയരും, വെയിലേല്‍ക്കുന്നത് ഒഴിവാക്കണം; മുന്നറിയിപ്പ്

കോട്ടയം ∙ തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് താപസൂചിക 55 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. താപനില, അന്തരീക്ഷ ഈര്‍പ്പം എന്നിവ കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക.കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള ജില്ലകളില്‍ പകൽ താപനില ഗണ്യമായി ഉയരുമെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, കോഴിക്കോട് തൃശൂര്‍ ജില്ലകളിലാണ് താപ സൂചിക അപകടകരമായ നിലയില്‍ ഉയരാൻ സാധ്യത. ഈ മേഖലകളിൽ ഇത് 58 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നാണ് വിലയിരുത്തലെന്ന് കുസാറ്റിന്‍റെ കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു. പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണം. കൊല്ലം മുതല്‍ കോഴിക്കോടു വരെയുള്ള ജില്ലകളില്‍ ഇടനാട്ടില്‍ പകല്‍ താപനില 35നും 38 ഡിഗ്രിസെൽഷ്യസിനും ഇടയിലായിരിക്കും.

താപ സൂചികപ്രകാരം 52 മുതല്‍ 54 ഡിഗ്രിസെൽഷ്യസ് വരെയായിരിക്കും ഈ പ്രദേശങ്ങളില്‍ അനുഭവവേദ്യമാകുന്ന ചൂട്. വേനല്‍മഴ തുടരും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 ഡിഗ്രിവരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. വരുന്ന മൂന്ന് ദിവസം കൂടി വേനല്‍മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു