ദുബായ്∙ ദുബായ് ദെയ്റ ഫ്രിജ് മുറാർ അൽ റാസ് പ്രദേശത്ത് ബഹുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ 16 മരണം. ഇതിൽ മലപ്പുറം സ്വദേശികളായ മലയാളി ദമ്പതികളും. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കു പുറമെ രണ്ട് തമിഴ്നാട് സ്വദേശികളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ച 16 പേരിൽ ബാക്കിയുള്ളവർ പാക്കിസ്ഥാൻ, നൈജീരിയ, സുഡാൻ സ്വദേശികളാണ്. അപകടത്തിൽ 9 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് 12:35നാണ് അഞ്ച് നില കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. തീപിടിച്ചതിനെ തുടർന്ന് വിൻഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നാണ് റിപ്പോർട്
മുറിയിലെ തീ റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയിലേയ്ക്കും പടരുകയായിരുന്നു. ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്. റിജേഷ് ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജെഷി ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ അധ്യാപികയും.