‘യേശുവിനെ കാണാൻ’സ്വർഗത്തിലെത്താൻ ഉപവസിച്ചു മരണം; കെനിയയിലെ വനത്തിൽ നിന്ന് 58 മൃതദേഹങ്ങൾ കണ്ടെടുത്തു

നയ്റോബി ∙ സ്വർഗത്തിലെത്താൻ ഉപവസിച്ചു മരിച്ചവരുടെ 58 മൃതദേഹങ്ങൾ കെനിയയിലെ വനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തീരദേശ പട്ടണമായ മലിൻഡിക്കു സമീപം ദ് ഗുഡ് ന്യൂസ് ഇന്റർനാഷനൽ ചർച്ച് നേതാവ് പാസ്റ്റർ പോൾ മക്കെൻസിയുടെ ഉടമസ്ഥതയിലുള്ള 800 ഏക്കർ വനത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതിൽ 50 മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിൽ നിന്നായിരുന്നു. മക്കെൻസിയെ അറസ്റ്റ് ചെയ്തു. കൂടുതൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു.

‘യേശുവിനെ കാണാൻ’ മരണം വരെ ഉപവസിക്കാനുള്ള പാസ്റ്ററുടെ ആഹ്വാനം അനുസരിച്ച അനുയായികളുടേതാണ് മൃതദേഹങ്ങളെന്ന് പൊലീസ് പറഞ്ഞു. ആളുകളെ കാണാതായ പരാതിയെ തുടർന്ന് പൊലീസ് മക്കെൻസിയുടെ ആരാധനാകേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പട്ടിണികിടന്ന് അവശരായവരെ കണ്ടെത്തിയിരുന്നു. 29 പേരെ രക്ഷപ്പെടുത്തി. 14ന് മക്കെൻസി അറസ്റ്റിലായി. വനത്തിൽ വെള്ളിയാഴ്ച ആരംഭിച്ച തിരച്ചിലിൽ ആഴംകുറഞ്ഞ ഒട്ടേറെ കുഴിമാടങ്ങൾ കണ്ടെത്തി. എല്ലാ കുഴിമാടത്തിലും കുരിശു നാട്ടിയിരുന്നു. 112 പേരെ കാണാതായതായി കെനിയ റെഡ് ക്രോസ് സൊസൈറ്റിക്ക് പരാതി ലഭിച്ചിരുന്നു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മക്കെൻസിയെ 2019 ലും ഈ വർഷം മാർച്ചിലും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനാൽ ഈ കേസുകൾ മുന്നോട്ടുപോയില്ല.