കേരളത്തിലെ ഇടതു സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് അന്ധമായി വിമർശനങ്ങൾ മാത്രം നടത്തുന്ന ബി ജെ പി സർക്കാരിനെ ‘ ബഹു.പ്രധാനമന്ത്രി സത്യം പറയണം ‘ എന്ന ലേഖനത്തിലൂടെ തുറന്നു കാട്ടിയ എ എം ആരിഫ് എം പി കേരളത്തിന്റെ വികസന നേട്ടങ്ങളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി തയ്യാറായതിൽ നന്ദി പറയുന്നു.
പ്രിയമുള്ളവരേ,
രാജ്യത്തിന്റെ പ്രധാനമന്ത്രി കൊച്ചിയിൽ അദ്ദേഹത്തിന്റെ പാർട്ടി സംഘടിപ്പിച്ച യുവം പരിപാടിയിൽ നടത്തിയ വസ്തുതാ വിരുദ്ധമായ പ്രസംഗം, പാർലമെന്റിൽ സമർപ്പിച്ചിട്ടുള്ള സാമ്പത്തീക സർവ്വേയും , നീതി ആയോഗിന്റെ സമഗ്ര സുസ്ഥിര വികസന സൂചികയും മുന്നോട്ട് വെച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ഞാൻ നിശിതമായി വിമർശിച്ചിരുന്നു..
ബഹു.പ്രധാനമന്ത്രി സത്യം പറയണം എന്ന് പറഞ്ഞുകൊണ്ട് ഞാൻ എഴുതിയ വസ്തുതാപരമായ വിമർശനകുറിപ്പിന് സമൂഹത്തിന്റെ നാനാതുറയിൽ നിന്നും വമ്പിച്ച പിന്തുണയാണ് ലഭിച്ചത്.
ഞാൻ പറഞ്ഞതുകൊണ്ടാണ് എന്ന് പറയുന്നില്ല, എങ്കിലും, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ കുറേക്കൂടി വസ്തുതാപരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേരളം കൈവരിച്ച വികസന നേട്ടങ്ങളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി തയ്യാറായത് അങ്ങേയറ്റം അഭിനന്ദനാർഹമാണ്..
രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്ന് വേറിട്ട് വികസന കാര്യങ്ങളിലേക്ക് വന്നപ്പോൾ, കേരളത്തിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞതിന് അദ്ദേഹത്തോട് നന്ദി പറയുന്നു..
അദ്ദേഹം,നാളിതുവരെ,രാജ്യമെമ്പാടും പ്രസംഗിച്ചത് ഡബിൾ എൻജിനെക്കുറിച്ചാണ്.
ബിജെപി എന്ന് പറയുന്ന രാഷ്ട്രീയ എൻജിൻ ഒരു യന്ത്രത്തിൽ ഘടിപ്പിച്ചാൽ മാത്രമേ ,ആ യന്ത്രത്തിന് വികസന വേഗത കൈവരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം..
എന്നാൽ രണ്ട് വ്യത്യസ്ത വീക്ഷണങ്ങളുള്ള എൻജിനുകൾ ആണ് കേന്ദ്രത്തിലും കേരളത്തിലും എന്നുള്ളതാണ് വസ്തുത. ഒന്ന് മതാധിഷ്ഠിതവും മറ്റൊന്ന് മതേതരത്വവും…
ഒന്ന് കോർപ്പറേറ്റ് അനുകൂലവും മറ്റൊന്ന് ജനകീയവും..
ഈ രണ്ട് വീക്ഷണങ്ങളിലൂടെയുള്ള എൻജിനുകളാണെങ്കിലും വികസനം സാധ്യമാക്കാനാവും എന്ന് പ്രധാനമന്ത്രിയെക്കൊണ്ട് പറയിപ്പിക്കാൻ കേരളത്തിലെ സർക്കാരിന് കഴിഞ്ഞു.
ഇത് കേരളത്തിലെ മതേതരത്വ സർക്കാരിന്റെ, മുഴുവൻ ജനങ്ങളുടെയും വിജയമാണ്,നന്ദി പ്രധാനമന്ത്രി, നന്ദി. എ എം ആരിഫ് എം പി