ഇടുക്കി: ചിന്നക്കനാൽ മേഖലകളെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവച്ചു. സിമന്റ് പാലത്തിന് സമീപം വച്ചാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ചത്. കുന്നിൻ മുകളിൽ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറക്കി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് അരിക്കൊമ്പനെ ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. ഒൻപത് മണിക്കൂറോളം പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ്, ശങ്കരപാണ്ഡ്യമെട്ടിൽ ആനയെ കണ്ടെത്തിയത്.
കടുത്ത സംഘർഷത്തിലാണ് ദൗത്യസംഘമെന്നും അവരുടെ മനോവീര്യം തകർക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്നും ഇന്ന് തന്നെ കൊമ്പനെ പിടിക്കാൻ കഴിയുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.കഴിഞ്ഞദിവസം ഒൻപത് മണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വൈകിട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ഇന്ന് രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. പിന്നാലെ വനംവകുപ്പിന്റെ സംഘം പ്രദേശത്തേക്ക് തിരിക്കുകയായിരുന്നു