‘ദ് കേരള സ്റ്റോറി’ റിലീസ് ഇന്ന്; കൊച്ചിയിലെ തിയേറ്ററിന് പൊലീസ് കാവൽ

തിരുവനന്തപുരം ∙ റിലീസിന് മുൻപുതന്നെ വിവാദമുണ്ടാക്കിയ ഹിന്ദി ചിത്രം ‘ദ് കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് 30 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. കൊച്ചിയിലെ ഷേണായീസ് തിയേറ്ററിന് മുന്നിൽ എൻ.വൈ.സി പ്രതിഷേധിച്ചു. തിയേറ്ററിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളും നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഈ ആവശ്യം സുപീകോടതിക്ക് മുന്നിൽ എത്തിയെങ്കിലും ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു.ഐഎസ് റിക്രൂട്ട്‌മെന്റിനായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശർമ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്നാനി എന്നിവരാണ് അഭിനേതാക്കൾ. ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകർക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

ഇതിനിടെ കേരള സ്റ്റോറി തിയറ്ററിൽ നിരോധിച്ചാൽ ജനം ഒടിടിയിൽ കാണുമെന്നും സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കരുതെന്ന് പറയുന്നത് നല്ല പ്രവണതയല്ലെന്നും തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് അഭിപ്രായപ്പെട്ടിരുന്നു.