മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് ഇ ഡി; 143 കോടിയുടെ ബാങ്ക് ഡെപ്പോസിറ്റും ഷെയറുകളും മരവിപ്പിച്ചു

മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകള്‍ എന്നിവ മരവിപ്പിച്ചു. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. നിയമവിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചെന്നും ഇഡി പറഞ്ഞു. റെയ്ഡിന് ശേഷമാണ് ആസ്തിവകകൾ മരവിപ്പിക്കുന്ന നടപടിയിലേക്ക് ഇ ഡി കടന്നത്.മണപ്പുറം ഫൈനാൻസിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടികൾ ഇഡി നടത്തുന്നത്. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിൻറെ പ്രധാന ശാഖയിലും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി. പി. നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായും സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തി. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ നിക്ഷേപകരിൽനിന്നും  സമാഹരിച്ചിരുന്നുവെന്നും സൂചനയുണ്ട്.