ഫോർ വീലർ ഡീസൽ വാഹനങ്ങൾ 2027ഓടെ നിരോധിക്കും

ന്യൂഡൽഹി : രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027ഓടെ ഡീസല്‍ ഉപയോഗിച്ചോടുന്ന ഫോര്‍ വീലര്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതി കേന്ദ്ര സർക്കാരിന് നിര്‍ദേശം നല്‍കി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനുമായാണ് 2027ഓടെ ഇന്ത്യയില്‍ ഡീസല്‍ ഫോർ വീലർ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നൽകിയത്.

നഗരങ്ങളില്‍ സര്‍വിസ് നടത്തുന്ന ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ സമിതി നിര്‍ദേശത്തില്‍ പറയുന്നു.അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ റെയില്‍വേ ശൃംഖല പൂര്‍ണമായും വൈദ്യുതീകരിക്കാനും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ നഗരങ്ങളിലും 75 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആക്കാനും സമിതി ശുപാർശ ചെയ്തു.

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിന് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിന്, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് സ്‌കീമിന് (ഫെയിം) കീഴിൽ നടത്തുന്ന പദ്ധതികൾ “വിപുലീകരിക്കുന്നത്” മാർച്ച് 31നുശേഷവും സർക്കാർ പരിഗണിക്കണമെന്നും 2024 മുതല്‍ ഇലക്ട്രിക് പവര്‍ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്