ബെംഗളൂരു : കർണാടകയിൽ 224 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 137 സീറ്റിലും വിജയിച്ച് മിന്നുന്ന നേട്ടമാണ് കോൺഗ്രസ് കൈവരിച്ചത്. ബിജെപി 63 സീറ്റിലേക്ക് ചുരുങ്ങി. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലേ നേട്ടമുണ്ടാക്കാൻ സാധിച്ചുള്ളൂ.ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭരണത്തിൽ നിന്നും ബിജെപി പുറത്തുപോയി.
നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ തുടങ്ങിയവർ അടക്കമുളള ദേശീയ നേതാക്കൾ പ്രചാരണത്തിന് നേതൃത്വം നൽകിയ കർണാടകയിലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാനപ്പോരാട്ടമായിരുന്നു. സ്വന്തം സംസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷൻ മാല്ലികാർജുൻ ഖാർഗെക്കും ഇതഭിമാന പോരാട്ടമായിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവർ കർണാടകത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തി. കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷനും തന്ത്രജ്ഞനുമായ ഡികെ ശിവകുമാറിൻ്റെ കൂടി വിജയമാണിത്.
കോൺഗ്രസ് എംഎൽഎമാരുടെ യോഗം ഇന്ന് വൈകിട്ട് ബെംഗലൂരുവിൽ നടക്കും.മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സിദ്ധരാമയ്യക്കാണ് കൂടുതൽ പിന്തുണ ലഭിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള ഒരാളെയും കോൺഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.എംബി പാട്ടീലിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വിവരം കണക്കിലെടുത്താൽ മൂന്ന് ഉപമുഖ്യമന്ത്രിമാർക്ക് വരെ സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്.
1985 നു ശേഷം ആർക്കും ഭരണത്തുടർച്ചയുണ്ടായിട്ടില്ലാത്ത കർണാടകത്തിൽ ചരിത്രം ആവർത്തിച്ചാണ് കോൺഗ്രസ് ഭരണത്തിലേക്കുന്നത്.കർണാടകയിലെ കോൺഗ്രസിന്റെ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ പൊരുതാൻ കോൺഗ്രസ് മുന്നണിയ്ക്ക് കരുത്തു പകരും.