ന്യൂഡൽഹി : 2024 ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് സമ്പത്ത് വ്യവസ്ഥയ്ക്ക് മാത്രമല്ല നാടിനു തന്നെ ദുരന്തമാണെന്ന് സാമ്പത്തിക വിദഗ്‌ധനും നിർമ്മല സീതാരാമന്റെ ഭർത്താവുമായ ഡോക്ടർ പരകാല പ്രഭാകർ അഭിപ്രായപ്പെട്ടു. സമ്പത്ത് വ്യവസ്ഥയും നാടിൻറെ മറ്റു കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി മോദി കഴിവ് കെട്ടവനാണെന്നു തെളിയിച്ചു കഴിഞ്ഞു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ മാത്രമാണ് മോദി ഭരണം മികച്ചതാവുന്നത്.
2014 ൽ വികസനത്തിന്റെ പേര് പറഞ്ഞു വിജയിച്ച ബിജെപി ഹിന്ദുത്വ അജണ്ട ഉയർത്തിക്കൊണ്ടു വന്നു ജനങ്ങളെ ഭിന്നിപ്പിക്കുകയായിരുന്നു ചെയ്തത്.
ഹിന്ദുത്വതയിൽനിന്ന് പ്രചോദനം ഉൾകൊണ്ട് ആളുകളെ അണിനിരത്താനുള്ള കഴിവിൽനിന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി യുടെയും ജനപ്രീതി ഉയർന്നു വന്നത്. എന്നാൽ 2014 ൽ അധികാരത്തിലെത്തിയ മോദി പറഞ്ഞത് പോരാട്ടം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലല്ലെന്നും മറിച്ചു് തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനുമെതിരെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു കൈകോർത്തു പൊരുതുമെന്നുമാണ്.
2014 ൽ സദ്ഭരണവും അഴിമതി രഹിത സർക്കാരും വികസനവും ഉയർത്തിയായിരുന്നു അവർ വോട്ട് ചോദിച്ചിരുന്നത്.എന്നാൽ അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുക എന്നതായി അവരുടെ യഥാർത്ഥ ഉദ്ദേശമെന്നും ഡോക്ടർ പരകാല വിമർശിച്ചു.
മോദി ഭരണകൂടം, സമ്പത്ത് വ്യവസ്ഥ,രാഷ്ട്രീയം,മറ്റു കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകളടങ്ങിയ ഡോക്ടർ പരകാലയുടെ ” ദി ക്രൂക്ക് ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ, എസ്സൈയെസ് ഓൺ എ റിപ്പബ്ലിക്ക് ഇൻ ക്രൈസിസ് ” എന്ന പുസ്തകം മെയ് 14 നു ബംഗളുരുവിൽ പുറത്തിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലായിരുന്നു മോദിക്കെതിരെ ഡോക്ടർ പരകാലയുടെ രൂക്ഷമായ വിമർശനങ്ങൾ.