ബെംഗളൂരു: തൻറെ യാത്രക്കായി റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കർണ്ണാടകത്തിൽ മുഖ്യമന്ത്രിയുടെ ഉത്തരവ്. ‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോള്‍ പിന്‍വലിക്കാന്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകി.മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ഇത് ട്വിറ്ററിലൂടെ അറിയിച്ചു.
ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിഐപികള്‍ തുടങ്ങിയവര്‍ യാത്രചെയ്യുമ്പോഴാണ് മറ്റു വാഹനങ്ങളെല്ലാം തടഞ്ഞ് വഴി ഒരുക്കുന്ന സീറോ ട്രാഫിക്ക് നടപ്പാക്കിയിരുന്നത്. എന്റെ വാഹന സഞ്ചാരത്തിനുള്ള ‘സീറോ ട്രാഫിക്’ പ്രോട്ടോക്കോൾ തിരിച്ചെടുക്കാൻ ഞാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘സീറോ ട്രാഫിക്’ കാരണം നിയന്ത്രണങ്ങളുള്ള പാതയിലൂടെ യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടാണ് ഞാൻ ഈ തീരുമാനം എടുത്തത്-മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.
ആളുകൾക്ക് അവരുടെ സ്നേഹവും ആദരവും സമ്മാനമായി പ്രകടിപ്പിക്കാനായി പൂക്കളുകൾക്കും ഷാളുകൾക്കും പകരം പുസ്തകങ്ങൾ നൽകാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പുതിയ പരിഷ്കാരങ്ങളോട് ജനങ്ങൾ വളരെ പോസിറ്റീവായി തന്നെയാണ് പ്രതികരിക്കുന്നത്