ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സ‍ർജൻ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്.

നഷ്ടപരിഹാരത്തിനു പുറമേ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ആരോഗ്യപ്രവ‍ർത്തകർക്ക് സംരക്ഷണം നൽകാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്‌ വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവ‍ർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹ‍ർജി പരിഗണിച്ചത്.

ഈ മാസം 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കോട്ടയം സ്വദേശി ഡോ. വന്ദന ദാസിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഓടനാവട്ടം ചെറുകരക്കോണം സ്വദേശി പ്രതി ജി സന്ദീപ് ഡോക്ടറെ കത്രികകൊണ്ട് ആക്രമിച്ചത്ക്കു.കുത്തേറ്റു ഗുരുതര പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല