കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം,ഫയർ ഓഫീസർ മരിച്ചു

തിരുവനന്തപുരം:  തുമ്പ കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരണപ്പെട്ടു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) മരണപ്പെട്ടു.തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീണാണ് മരണം സംഭവിച്ചത് . വിവിധ അഗ്നിരക്ഷാ യൂണിറ്റുകളിലെ സേനാംഗങ്ങൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട ചാക്ക ഫയർ സ്റ്റേഷനിലെ സേനാഗമായിരുന്ന രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.

പുലർച്ചെ 1.30 ന് വലിയ ശബ്ദത്തോടെയാണ് ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടായത്. ഈ സമയം സെക്യൂരിറ്റി മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ.