ബെംഗളുരു : ബെംഗളുരു മല്ലേശ്വരത്തെ ഒമ്പതാം ക്രോസ് റോഡിലുളള നിഹാൻ ജ്വല്ലറി ഷോറൂമിൽ നിന്ന് ശക്തമായ മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചു പോയതായി വ്യാപാരിയുടെ പരാതി. ശക്തമായ മഴയ്ക്കൊപ്പം മാലിന്യത്തോടൊപ്പം വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ കടയുടെ ഷട്ടറുകൾ അടയ്ക്കാൻ ജീവനക്കാർക്ക് കഴിയാതെ വന്നതാണ് കടയ്ക്കുള്ളിലേക്ക് വെള്ളം കയറാനും ശക്തമായ ഒഴുക്കും മൂലം സ്വർണാഭരണങ്ങൾ ഒലിച്ചു പോകാനും കാരണമെന്നും കടയുടമ പറഞ്ഞു.
കടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നനഞ്ഞ നിലയിലാണ്.കടയിൽ സൂക്ഷിച്ചിരുന്ന 80 ശതമാനം സ്വർണാഭരണങ്ങളും നഷ്ടമായി. രണ്ട് കോടിയോളം രൂപയുടെ ആഭരണങ്ങൾ നഷ്ടമായെന്നും കോർപ്പറേഷനിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും വ്യാപാരിയായ പ്രിയ പറഞ്ഞു. കനത്ത മഴയെ തുടർന്നു ഇലക്ട്രോണിക് സിറ്റിയിൽ വെള്ളക്കെട്ടിൽ കാർ മുങ്ങിയും കനാലിൽ വീണുമുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. പല റോഡുകളിലും ഗതാഗതം തടസപ്പെട്ടു.നിരവധി വീടുകളിലും വെള്ളം കയറി.താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.കടയുടെ സമീപത്തായി നടക്കുന്ന നിർമ്മാണ പ്രവർത്തനമാണ് കടയിലേക്ക് വെള്ളം കുത്തിയൊഴുകാൻ കാരണമായതെന്ന് പ്രിയ പറഞ്ഞു