കോഴിക്കോട്: എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് കായികതാരങ്ങൾക്ക് നീതി ലഭിക്കാതെ പോയികൂടായെന്ന് ടോവിനോ തോമസ്.ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിൽ ടോവിനോ ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തി.
അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശ്ശസ് ഉയർത്തി പിടിച്ചവരാണ് കായിക താരങ്ങൾ. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ. ആ പരിഗണനയൊന്നും വേണ്ട പക്ഷേ സാധാരണക്കാരന് ലഭിക്കുന്ന നീതി ഗുസ്തി താരങ്ങൾക്കും കിട്ടണമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് നടൻ ടോവിനോ തോമസ് പറഞ്ഞു.
ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിനായി ഹരിദ്വാറിൽ എത്തിയിരുന്നു. അഞ്ച് ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കാമെന്ന കർഷക നേതാക്കളുടെ ഉറപ്പിലാണ് ഗുസ്തിതാരങ്ങൾ പിൻതിരിഞ്ഞത്.