മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ ആക്രമിച്ച 7 തീവ്രഹിന്ദുസംഘടനാ സദാചാര ഗുണ്ടകൾ അറസ്റ്റില്‍

മംഗളൂരു : കർണാടകയിൽ സദാചാര ഗുണ്ട ആക്രമണം അവസാനിപ്പിക്കും എന്നായിരുന്നു സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയുള്ള ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്ന്. എന്നാൽ സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം തന്നെ മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ സദാചാരഗുണ്ടകളുടെ ക്രൂര മർദ്ദനം. കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി ജാഫര്‍ ഷെരീഫ്, മഞ്ചേശ്വരം സ്വദേശികളായ മുജീബ്, ആഷിഖ് എന്നിവര്‍ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്.

ആക്രമണത്തില്‍ തീവ്രഹിന്ദുസംഘടനാ പ്രവർത്തകരായ പ്രായ പൂര്‍ത്തിയാകാത്ത അഞ്ച് പേര്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ ഐ.പി.സി 307 വകുപ്പ് പ്രകാരം കേസെടുത്തു. അവധി ആഘോഷിക്കാനായി ഇതരമതസ്ഥരിൽ പെട്ട സഹപാഠികളോടൊപ്പം ഉള്ളാൾ സോമേശ്വർ ബീച്ചിലെത്തിയ ദേർളകട്ടയിലെ പാരാ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് നേരെയാണ് സദാചാര ഗുണ്ടാ ആക്രമണം നടന്നത്. ക്രൂരമായ മർദ്ദനമേറ്റ കാസർഗോഡ് സ്വദേശികളായ സഫർ ഷെരീഫ്, മുജീബ്, ആഷിഖ് എന്നിവരെ ദേർള കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കല്ല് ഉപയോഗിച്ചും , ബെൽറ്റ് കൊണ്ടും ക്രൂരമായാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള വിദ്യാർത്ഥി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ തലപ്പാടി, ഉള്ളാൾ സ്വദേശികളാണ്.ഇവർ തീവ്ര ഹിന്ദു സംഘടന പ്രവർത്തകർ ആണെന്ന് പോലീസ് പറഞ്ഞു.ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികളെ സുരക്ഷിതമായി കേരളത്തിലേക്ക് എത്തിച്ചു.