ഭുവനേശ്വർ: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽപ്പെട്ട് ഭർത്താവ് മരിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിക്കെതിരെ ഭർത്താവ് പരാതി നൽകി . താനുമായി അകന്ന് കഴിയുന്ന ഭാര്യ വ്യാജ രേഖകൾ ഉപയോഗിച്ച് നഷ്ടപരിഹാരമായി ലഭിക്കുന്ന തുക തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അഞ്ച് ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രാലയവും അറിയിച്ചിരുന്നു.
ട്രെയിനപകടത്തിൽ താൻ മരിച്ചെന്ന രേഖകൾ ഉണ്ടാക്കി ഭാര്യ ഗീതാഞ്ജലി നടത്തിയ നീക്കമറിഞ്ഞ് ഭർത്താവ് ബിജയ് ദത്ത മണിയബന്ധ പോലീസിൽ പരാതി നൽകി. താൻ മരിച്ചതായി വ്യാജ പ്രചാരണം നടത്തുകയും, സർക്കാരിൽ നിന്നും നഷ്ടപരിഹാരത്തുക തട്ടിയെടുക്കാൻ ശ്രമം നടത്തുകയും ചെയ്ത ഗീതാഞ്ജലിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഭർത്താവ് പരാതിയിൽ പറഞ്ഞു.
കേസെടുത്തതോടെ അറസ്റ്റ് ഭയന്ന് യുവതി ഒളിവിൽ പോയിരിക്കുകയാണെന്നും കഴിഞ്ഞ 13 വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിന്മേൽ വ്യാജ അവകാശവാദം ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി പി കെ ജെന റെയിൽവേയോടും ഒഡീഷ പോലീസിനോടും ആവശ്യപ്പെട്ടു.