തിരുവനന്തപുരം : യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്ക് ഇനിയുള്ള 52 ദിവസങ്ങൾ വിശ്രമം,സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി.
പുറംകടലിൽ മീൻ തേടിപ്പോയ ബോട്ടുകൾ തീരത്തെത്തുന്നുണ്ട്. ഇന്ന് അർദ്ധരാത്രിയോടെ ബാക്കി ബോട്ടുകൾ വിവിധ തീരങ്ങളിൽ നങ്കൂരമിടും. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും ജൂൺ ഒൻപത് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും.
നീണ്ടകര തുറമുഖം ഇൻബോർഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കായി തുറന്നുകൊടുക്കും. ഈ 52 ദിനങ്ങൾ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ദുരിതകാലമായിരിക്കും, ഈ സമയത്ത് സർക്കാറിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. 3600 ഓളം ട്രോളിങ് ബോട്ടുകളെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ മുഴുവനും സർക്കാർ സഹായങ്ങളിലാണ്. സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളുമടക്കം എല്ലാം മുടങ്ങാതെ ലഭിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് അർധരാത്രി മുതൽ ഹാർബറുകളിലെയും ഫിഷ് ലാൻഡിംഗ് സെന്ററുകളിലെയും ഡീസൽ ബങ്കുകൾ അടച്ചിടുമെന്നും മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ബങ്കുകൾ ഇൻബോർഡ് യാനങ്ങൾക്ക് ഡീസൽ വിതരണം ചെയ്യുന്നതിനായി പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ജൂൺ ഒമ്പതായ ഇന്ന് പറവൂർ മുതൽ അഴീക്കൽ വരെയുള്ള കടലിൽ രാവിലെയും ഉച്ചയ്ക്ക് ശേഷം തീരപ്രദേശത്തും ട്രോളിംഗ് അറിയിപ്പുകൾ ആവർത്തിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ പറഞ്ഞു. അതുപോലെ ലൈറ്റ് ഫിഷിംഗ്, നിരോധിത മത്സ്യബന്ധന വലകൾ എന്നിവ ഉൾപ്പെടെയുള്ള നിരോധിത മത്സ്യബന്ധന രീതികൾ അനുവദിക്കില്ലെന്നും അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.