മെറ്റേണിറ്റി വാർഡിൽ കുഞ്ഞുങ്ങൾ കരയാതിരിക്കാൻ വായിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്സിന് സസ്പെൻഷൻ

മുംബൈ: മെറ്റേണിറ്റി വാർഡിൽ കുഞ്ഞുങ്ങൾ കരയാതിരിക്കാൻ വായിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്‌സിനെ സസ്പെൻഡ് ചെയ്തു.ഭാണ്ഡൂപ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിലാണ് കരായാതിരിക്കാൻ മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത്.

ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ല എന്ന സ്ത്രീയുടെ മൂന്നു ദിവസം പ്രായമായ മകന് മഞ്ഞപ്പിത്തം പിടിപ്പെട്ടതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഇവിടേക്ക് മുലപ്പാൽ നൽകാൻ അമ്മ എത്തിയപ്പോഴാണ് കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടത്.കുഞ്ഞിന് പാൽ കൊടുക്കണമെന്നും പ്ലാസ്റ്റർ നീക്കണമെന്നും നഴ്സിനോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് അനുവദിച്ചില്ല.നാളെ രാവിലെ വന്ന് മുലപ്പാൽ നൽകാനായിരുന്നു നഴ്സിന്റെ നിർദേശം.

രണ്ടുമണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണമെന്ന ഡോക്ടർ
പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്സ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. രാത്രി വീണ്ടും പ്രിയ ഇവിടെയെത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയിരുന്നില്ല. അവിടെയുണ്ടായിരുന്ന മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതായി പ്രിയ പറഞ്ഞു. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.