അശ്വിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് എനിക്ക് മനസ്സിലാകുന്നില്ല, സച്ചിൻ ടെൻഡുൽക്കര്‍

മുംബൈ: ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ബൗളറായ രവിചന്ദ്രൻ അശ്വിനെ എന്തുകൊണ്ട് ​പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ദയനീയ തോൽവിക്ക് പിന്നാലെ ടീം സെലക്ഷെതിരെ രൂക്ഷ വിമർശനമാണ് ഇതിഹാസ താരം സച്ചിൻ ​ടെൻഡുൽക്കർ നടത്തിയത്.

അശ്വിനെ പോലെ പ്രതിഭയുള്ള സ്പിന്നർക്ക് അനുകൂല സാഹചര്യം ആവശ്യമില്ല.ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായ അശ്വിനെ പ്ലെയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയത് എനിക്ക് മനസ്സിലാകുന്നില്ല.സമർത്ഥരായ സ്പിന്നർമാർ എല്ലായ്പ്പോഴും പിച്ചുകളെ ആശ്രയിക്കുന്നില്ല. അവർ വായുവിന്റെ ഒഴുക്കിനെയും പിച്ചിലെ ബൗൺസിനെയും ഉപയോഗപ്പെടുത്തുന്നു.ഓസ്‌ട്രേലിയക്ക് അവരുടെ പ്രധാന ബാറ്റർമാരിൽ അഞ്ചുപേരും ഇടംകൈയന്മാർ ആയിരുന്നു എന്നത് മറക്കരുത്.

”മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ മികച്ച രീതിൽ ബാറ്റ് ചെയ്യേണ്ടിയിരുന്നു. എന്നാൽ, അതുണ്ടായില്ല. ടീം ഇന്ത്യക്ക് ചില നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു.സച്ചിൻ കുറിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിൽ രണ്ട് വർഷത്തിനിടെ 13 ടെസ്റ്റുകളിൽനിന്ന് അശ്വിൻ 61 വിക്കറ്റുകൾ നേടിയിരുന്നു.ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 469 റൺസാണ് അടിച്ചുകൂട്ടിയത്. മത്സരത്തിൽ ഇന്ത്യ 209 റൺസിന് പരാജയപ്പെടുകയും ചെയ്തു.എതിർ നിരയിൽ അഞ്ച് ഇടംകൈയന്മാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, മൂടിക്കെട്ടിയ അന്തരീക്ഷം നാലാമത്തെ സ്പെഷ്യലിസ്റ്റ് സീമറെ തെരഞ്ഞെടുക്കാൻ തങ്ങളെ നിർബന്ധിച്ചുവെന്നായിരുന്നു ആർ അശ്വിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് നേരത്തെ മുഖ്യ പരിശീലകൻ രാഹുൽ ​ദ്രാവിഡ് വിശദീകരിച്ചത്.