സിനിമയില്‍ മുഖം കാണിച്ചുപോകുന്നവര്‍ക്ക് ഇനി അംഗത്വം നല്‍കില്ല. പ്രശ്‌നക്കാര്‍ക്ക് അംഗത്വം നല്‍കുന്നതിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അമ്മയില്‍ അംഗത്വമെടുക്കാന്‍ താത്പര്യമറിയിച്ച് ഇരുപത്തി അഞ്ചോളം അപേക്ഷകളാണ് പുതുതായി ലഭിച്ചത്. ഇവയില്‍ എളുപ്പം അംഗത്വം നല്‍കാമായിരുന്ന പ്രശ്‌നമില്ലെന്ന് തോന്നിയ ധ്യാന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ക്ക് അംഗത്വം നല്‍കി.
ഒരിക്കല്‍ അംഗമായിക്കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ഇന്‍ഷുറസും സേവനങ്ങളും നല്‍കി അമ്മ അവരെ കൊണ്ടുനടക്കണം. അത് പിന്നീട് സംഘടനയ്ക്ക് ഭാരമായി തോന്നരുത്. രണ്ടോ മൂന്നോ സിനിമകളില്‍ മാത്രം മുഖം കാണിച്ചവർക്ക് അംഗത്വം നൽകില്ല, അഭിനയം തൊഴിലാക്കിയവരെ മാത്രമേ ഇനി പരിഗണിക്കൂ. ഒപ്പം സിനിമയില്‍നിന്ന് വരുമാനം നേടുന്നവര്‍ കൂടി ആവണം. അംഗത്വഫീസായ 2,05,000 രൂപ അടയ്ക്കാനുളള സാമ്പത്തിക ശേഷി ഉളളവരുമാവണം.
ഈ യോഗ്യതകളില്‍ പെടാത്തവരായ കുറച്ചുപേര്‍ മുമ്പ് സംഘടനയില്‍ കയറിക്കൂടിയിട്ടുണ്ട്. ഒരിക്കല്‍ അംഗത്വം നല്‍കിയതിനാല്‍ ഇരി ഒഴിവാക്കുക സാധ്യമല്ല. പക്ഷേ ഇനി അംഗത്വം നല്‍കുന്നത് ഈ നിബന്ധനകള്‍ പ്രകാരം മാത്രമായിരിക്കും. പ്രധാന നടീനടന്മാരുടെ കാര്യത്തിലാണ് ഈ നിയമം ബാധകം. സ്വഭാവനടന്മാര്‍ക്കും മറ്റും ഇളവുകള്‍ നല്‍കും.
അംഗമല്ലാത്ത അഭിനേതാക്കളുടെ പേരില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അത് നിര്‍മാതാക്കള്‍ സ്വന്തം റിസ്‌കില്‍ പരിഹരിക്കട്ടെയെന്നാണ് അമ്മയുടെ തീരുമാനം. അംഗത്വമില്ലാത്ത നടീനടന്മാരുടെ സിനിമയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന വിഷയത്തില്‍ ഒരു സംഘടനകളും ഇടപടില്ല. ശ്രീനാഥ് ഭാസിയുടെ വിഷയത്തില്‍ സംഭവിച്ചത് അതാണ്. സംഭവത്തിന് പിറ്റേന്നുതന്നെ ശ്രീനാഥ് ഭാസി അംഗത്വത്തിനായി അപേക്ഷിച്ചിരുന്നു.
കല്യാണി പ്രിയദര്‍ശന്‍ അംഗത്വത്തിന് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് വിളിച്ചിരുന്നെങ്കിലും അപേക്ഷ നല്‍കിയിട്ടില്ല. പരിഗണിക്കാത്ത, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ളവരുടെ അപേക്ഷ അടുത്ത എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ വയ്ക്കും.ഇടവേള ബാബു പറഞ്ഞു