കേന്ദ്ര ജിഎസ് ടി ഉദ്യോഗസ്ഥൻ പർവീന്ദർ സിംഗിനെ കൈക്കൂലി കേസിൽ അകത്താക്കിയത് പ്രശസ്ത സിനിമാതാരം വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസും സംഘവും

കൈക്കൂലി കേസിൽ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പർവീന്ദർ സിംഗിനെ പിടികൂടിയത് പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. സെൻട്രൽ ടാക്‌സ് ആന്റ് എക്സൈസ് കൽപ്പറ്റ റെയ്ഞ്ച് സൂപ്രണ്ടാണ് കൈക്കൂലി കേസിൽ പിടിയിലായ പർവീന്ദർ സിംഗ്.

ഹരിയാന സ്വദേശിയായ പർവീന്ദർ സിംഗ് ഒരു ലക്ഷം രൂപ പരാതിക്കാരനോട് കൈക്കൂലി വാങ്ങിയപ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്.

പരാതിക്കാരൻ സ്റ്റേഷനിൽ വന്ന് പരാതി എഴുതി നൽകിയിരുന്നു. അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് ലക്ഷം രൂപയാണ് ജിഎസ്ടി സൂപ്രണ്ട് പർവീന്ദർ സിംഗ് ആവശ്യപ്പെട്ടത്. എന്നാൽ പരാതിക്കാരൻ ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു. എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് ഒരു ലക്ഷം രൂപയാണ് പരാതിക്കാരൻ കൊണ്ടുവന്നത്. 1.5 കോടി രൂപയുടെ പ്രവർത്തിയാണ് കഴിഞ്ഞ വർഷം ചെയ്തതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥൻ കണക്ക് നോക്കിയപ്പോൾ അത് രണ്ട് കോടി രൂപയുണ്ടെന്ന് പറയുന്നു.

ഒൻപത് ലക്ഷം രൂപ നികുതി അടക്കാൻ കുടിശികയുണ്ടെന്നാണ് പരാതിക്കാരനോട് പർവീന്ദർ സിംഗ് പറഞ്ഞത്. അത് വേണമെങ്കിൽ ഒഴിവാക്കാം, പക്ഷെ മൂന്ന് ലക്ഷം രൂപ കൊടുക്കണം എന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. 12 ലക്ഷം രൂപയോളം നികുതി പരാതിക്കാരൻ നേരത്തെ അടച്ചിരുന്നുവെന്നും എന്നും ഡിവൈഎസ്‌പി സിബി തോമസ് അറിയിച്ചു.പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി