.കെ.എസ്.ഇ.ബിയുടെ വാഹനത്തിന് എഐ ക്യാമറ പിഴയിട്ടു, എംവിഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി

കൽപ്പറ്റ: മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിഛേദിച്ചു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ എം.വി.ഡി. കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബിയുടെ നടപടി.

വയനാട്ടിൽ ലൈൻ വർക്കിനായി പോയ കെ.എസ്.ഇ.ബി ജീപ്പിന് മുകളിൽ തോട്ടി കെട്ടിവെച്ച് യാത്ര ചെയ്തതിന് എഐ ക്യാമറ പിഴയിട്ടു.20,500 രൂപ പിഴ അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബിക്ക് എ.ഐ. ക്യാമറയുടെ നോട്ടീസ് ലഭിച്ചത്.കെ.എസ്.ഇ.ബിയുടെ KL 18 Q 2693 നമ്പർ ജീപ്പിനായിരുന്നു എ ഐ ക്യാമറ പിഴയിട്ടത്.വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് കത്തയക്കുകയായിരുന്നു.

കഴിഞ്ഞ കുറേ കാലങ്ങളായി കെഎസ്ഇബിയ്ക്ക് വേണ്ടി ഓടുന്ന വാഹനമായതിനാൽ പിഴ തുക ബോർഡ് തന്നെ അടക്കേണ്ടി വരുന്ന സ്ഥിതിയായിരുന്നു.എഐ ക്യാമറയുടെ പിഴ ലഭിച്ചതിന് പിന്നാലെയാണ് എം.വി.ഡി എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ കെട്ടിടത്തിൽ നിന്നാണ്.

മഴക്കാലമായതിനാൽ ലൈനിൽ ധാരാളം അറ്റകുറ്റപ്പണികൾ ഉളള സമയമാണെന്നും ഈ സമയത്ത് എ ഐ ക്യാമറയെ പേടിച്ച് വണ്ടി പുറത്തിറക്കാൻ പറ്റാത്ത സാഹചര്യമാണെന്നും കെ.എസ്.ഇ.ബി ജീവനക്കാർ പറഞ്ഞു.