ആരോഗ്യം മോശമായതോടെ പിതാവിനെ കാണാനാകാതെ അബ്ദുൽ നാസ്സർ മദനി ബംഗളുരുവിലേക്ക്

കൊച്ചി: അഞ്ച് വർഷത്തെ കാത്തിരിപ്പിനു ശേഷം പിതാവിനെ കാണാനാകാതെ പിഡിപി ചെയർമാൻ അബ്ദുൽ നാസ്സർ മദനിഇന്ന് ബംഗളുരുവിലേക്ക് മടങ്ങും.സുപ്രീം കോടതി ജാമ്യം കിട്ടി പിതാവിനെ കാണാനായി കേരളത്തിൽ എത്തിയ അബ്ദുൽ നാസ്സർ മദനിക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം കൊച്ചിയിൽ നിന്ന് കൊല്ലത്തെ വീട്ടിലേക്ക് എത്താനായില്ല.

അസുഖ ബാധിതനായി കിടപ്പിലായ പിതാവിനെ കാണാൻ സുപ്രീം കോടതി മദനിക്ക് ജാമ്യ ഇളവ് നൽകിയതനുസരിച്ച് ജൂൺ 26നാണ് അദ്ദേഹം ബംഗളുരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയത്. കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അവശത അനുഭവപ്പെട്ട മദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രക്തസമ്മർദ്ദവും രക്തത്തിലെ ക്രിയാറ്റിനും കൂടി. പ്രമേഹം ഉൾപ്പടെ മറ്റനേകം ശാരീരികബുദ്ധിമുട്ടുകളും മദനിക്ക് തിരിച്ചടിയായി.പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ അതും നടന്നില്ല.സുപ്രീം കോടതി ജുലൈ പത്തിന് പരിഗണിക്കാനിരുന്ന മുൻകൂർ ജാമ്യഹർജി നേരത്തെയാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല..

ഏപ്രില്‍ 17നാണ് പിതാവിനെ സന്ദര്‍ശിക്കാൻ മദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയത്.സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക ബിജെപി സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കുകയായിരുന്നു.പുതിയ കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇളവ് നൽകിയതോടെയാണ് 12 ദിവസത്തേക്ക് മദനി കേരളത്തിലെത്തിയത്.സുപ്രീംകോടതി നിര്‍ദേശമനുസരിച്ച്‌ വെള്ളിയാഴ്ചതന്നെ മടങ്ങുന്ന മദനി രാത്രി 9.20നുള്ള ഇൻഡിഗോ വിമാനത്തില്‍ മദനി നെടുമ്പാശ്ശേരിയില്‍നിന്ന് ബംഗളൂരുവിലേക്ക് തിരിക്കും.