മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി.

കൊച്ചി: മറുനാടൻ മലയാളിയിലെ മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ പ്രതിയല്ലാത്ത മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി.മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഫോൺ ഉടൻ വിട്ടുനൽകണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ജൂലൈ നാലിന് മറുനാടൻ മലയാളിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കംപ്യൂട്ടറുകളും ക്യാമറകളും പോലീസ് പിടിച്ചെടുത്തിരുന്നു. 25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. ഇതുകൂടാതെയാണ് ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തി മൊബൈൽഫോൺ ഉൾപ്പടെ പിടിച്ചെടുത്തത്.

പത്തനംതിട്ടയിൽനിന്നുള്ള മാധ്യമപ്രവർത്തകനായ ജി വിശാഖന്‍റെ ഹർജിയിലാണ് കോടതി നടപടി.കേസിൽ പ്രതിയല്ലാത്ത ഒരാളുടെ ഫോൺ പിടിച്ചെടുത്ത പോലീസ് നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്.കേസിൽ പ്രതിയല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പി.വി. ശ്രീനിജിൻ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു പോലീസ് മറുനാടൻ മലയാളിയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തിയത്.ഫോൺ പിടിച്ചെടുത്തതു സംബന്ധിച്ചു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പോലീസിന്റെ വിശദീകരണം തേടി.