തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ. ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഡോക്ടർ ഷെറി ഐസക്കിനെയാണ് സസ്പെൻഡ് ചെയ്തത്.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഡോ. ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടുമായെത്തിയ പരാതിക്കാരന്‍ തുക കൈമാറിയതോടെ വിജിലന്‍സ് ഡോക്ടറെ പിടികൂടി.
ഡോക്ടർ ഷെറി ഐസക്കിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പതിനഞ്ച് ലക്ഷത്തിലധികം രൂപയുടെ 500, 2000, 100, 200 രൂപ നോട്ടുകൾ ചാക്കിൽകെട്ടി വെച്ച നിലയിൽ വിജിലൻസ് കണ്ടെത്തി. ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി മുൻപും ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.