കോട്ടയം : കേരളക്കരയുടെ ജനകീയ നേതാവ് ഓര്‍മ്മയായി. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിലാഷം നിറവേറ്റിക്കൊണ്ട് സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി.കരോട്ട് വള്ളക്കാലില്‍ വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ എത്തിച്ചതിന് ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുപോയത്.
മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം പ്രിയ നേതാവിനെ വഴിയരികുകളില്‍ കാത്തുനിന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ യാത്രയില്‍ പങ്കെടുത്തു.പുതുപ്പള്ളി എന്ന നാടിനും പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായാണ് വൈദികരുടെ കബറിടത്തോട് ചേർന്ന് പ്രത്യേക കല്ലറ പണിയാൻ പള്ളി മാനേജിങ് കമ്മിറ്റി തീരുമാനിച്ചത്.
പതിനായിരക്കണക്കിന് ജനങ്ങളുടെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുന്‍പ് നിശ്ചയിച്ചതുപ്രകാരം മണിക്കൂറുകളോളം വൈകി അഞ്ചര മണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലെത്തിയത്. തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ചു.
പ്രതീക്ഷിച്ചതിനേക്കാള്‍ മണിക്കൂറുകള്‍ വൈകി രാത്രി ഒമ്പത് മണിയോടെ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലെത്തിച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ശുശ്രൂഷകളില്‍ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളായി. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും പങ്കെടുത്തു.
ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങുകള്‍ ഒഴിവാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം അദ്ദേഹത്തിന്റെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു.ഏറെ ഇഷ്ടപ്പെട്ടിരുന്ന പുതുപ്പള്ളി വലിയ പള്ളി അങ്കണത്തിലാണ് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുക.ഏത് വലിയ തിരക്കുകൾക്കിടയിലും ഓടിയെത്താൻ സമയം കണ്ടെത്തിയിരുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർഡോക്സ് വലിയ പള്ളിയിൽ പ്രത്യേക പരിഗണനയിൽ പ്രിയപ്പെട്ട നേതാവിനെ കല്ലറ ഒരുങ്ങി.കരോട്ട് വള്ളകാലിൽ കുടുംബ കല്ലറ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങിയത്.