തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്.
മണ്ണിടിച്ചിൽ , ഉരുൾപൊട്ടൽ , മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളത് കൊണ്ട് വ്യാഴാഴ്ചവരെ കേരള , കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.