രമേശ്‌ നാരായണിന്റെ കീഴില്‍ ഈ ചിത്രത്തില്‍ പാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് വിനീത് ശ്രീനിവാസൻ

പ്രമുഖ സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതഞ്ജനുമായ പണ്ഡിറ്റ് രമേശ് നാരായണിന്റെ സംഗീത സംവിധാനത്തില്‍ ആദ്യമായി ഗാനം ആലപിച്ച് വിനീത് ശ്രീനിവാസന്‍. മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത് ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ പ്രധാനഗാനമാണ് വിനീത് ശ്രീനിവാസന്‍ ആലപിച്ചത്.

വിനോദ് വൈശാഖി രചിച്ച ‘നോക്കി നോക്കി നില്‍ക്കെ നെഞ്ചിലേക്ക് വന്നു’ എന്ന ഗാനത്തിന്റെ റെക്കോര്‍ഡിങ് എറണാകുളത്ത് ഫ്രെഡി സ്റ്റുഡിയോയില്‍ വച്ച് നടന്നു. സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണും വിനീത് ശ്രീനിവാസനും ഗുരുവും ശിഷ്യനുമായിരുന്നു. ഇരുവരും ഒന്നിക്കുന്ന ഗാനത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദാമിന്റെ മകന്‍ അബുവില്‍ രമേശ് നാരായണ്‍ വിനീതിനെ പാടിക്കാന്‍ ശ്രമം നടത്തിയിരുന്നതായും എന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ അത് നടക്കാതെ പോയിരുന്നതായും രമേശ് നാരായണ്‍ തന്നെ അടുത്തിടെ പറഞ്ഞിരുന്നു.രമേശ്‌ നാരായണിന്റെ കീഴില്‍ ഈ ചിത്രത്തില്‍ പാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മനോഹരവും ലളിതവുമായ ഗാനമാണ് തനിക്ക് ആലപിക്കാന്‍ കഴിഞ്ഞതെന്നും കേരളം അത് ഏറ്റുപാടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിയ ശേഷം വിനീത് മാധ്യമങ്ങളോട് പറഞ്ഞു. ആഗസ്റ്റ് നാലിന് റിലീസാവുന്ന ചിത്രത്തിന്റെ ഗാനം ഇന്ന് റിലീസായി.