വർക്കല : വർക്കല കുരയ്ക്കണ്ണി സ്വദേശി തൗഫീഖ് എന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലിയെ (തിരുവമ്പാടി ഗുലാബ് മന്‍സിലില്‍ ഷാജി) വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് . വധശ്രമം, മോഷണം, ഭീഷണിപ്പെടുത്തി പണംതട്ടല്‍, പിടിച്ചുപറി, ലഹരിക്കടത്ത്, അടിപിടി തുടങ്ങി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവും മയക്കുഗുളികകളും നല്കാന് ശ്രമിച്ചതുള്‍പ്പെടെ ലഹരിക്കടത്ത്, ലഹരി വില്‍പ്പന കേസുകളിലും പ്രതിയാണ്. വര്‍ക്കലയിലും പള്ളിക്കലിലും വൃദ്ധരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായി ജാമ്യംനേടി പുറത്തിറങ്ങിയതിനു പിന്നാലെ കാപ്പ നിയമം ചുമത്തി അറസ്റ്റിലായിരുന്നു.
ഫാന്റം പൈലിയുടെ സഹോദരനുമായി തൗഫീഖ് സൗഹൃദത്തിൽ ആയിരുന്നു. സ്വന്തം സഹോദരനോടുള്ള വൈരാഗ്യം കാരണമാണ് സുഹൃത്തായ തൗഫീഖിനെ പ്രതി കൊല ചെയ്യാൻ ശ്രമിച്ചത്. വർക്കല ബ്യൂറോ മുക്ക് ഓട്ടോ സ്റ്റാൻഡിനു മുൻവശത്ത് വച്ച് ബൈക്കിൽ വരികയായിരുന്ന തൗഫീഖിനെ തടഞ്ഞുനിർത്തി ഫാന്റം പൈലി ക്രൂരമായി മർദ്ദിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.