ആരോ​ഗ്യ മന്ത്രി വീണാ ജോർജും എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചാന്ദിനിയുടെ വീട്ടിലെത്തി

കൊച്ചി: ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായി മരിച്ച അഞ്ച് വയസുകാരിയുടെ വീട് സന്ദർശിച്ച് ആരോ​ഗ്യ മന്ത്രി വീണാ ജോർജും എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും.മന്ത്രിയെ കണ്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.മന്ത്രി വീണാ ജോർജ് കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു.

അത്യന്തം ദുഃഖകരമായ സംഭവമാണ്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. കുടുംബത്തിന് നീതി കിട്ടുന്നതിന് സർക്കാർ ഒപ്പമുണ്ടാകും. പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കണമെന്ന കുഞ്ഞിന്റെ അമ്മയുടെ ആവശ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷും ശിശുക്ഷേമസമതി ജനറൽ സെക്രട്ടറി അരുൺ ഗോപിയും ഒപ്പമുണ്ടായിരുന്നു. എം എം മണി എംഎൽഎ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.കുട്ടിയുടെ മൃത​ദേഹം പൊതുദർശനത്തിന് വെച്ചപ്പോഴും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ പ്രതികരണവും വിവാദമായി.എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണമെന്നില്ല. അതിനുള്ള സമയം കിട്ടിയില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്തിയെന്നാണ് കരുതുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചാരണം നടത്തേണ്ടുന്ന സമയമാണിത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി ആർ ബിന്ദു പ്രതികരിച്ചിരുന്നു.

സർക്കാരിന് ഔചിത്യമില്ലെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.