തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ പത്തും പന്ത്രണ്ടും വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ വിമുക്തഭടൻ പിടിയിൽ.കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.പൂവാർ സ്വദേശി ഷാജി (56) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചിലും ഏഴിലും പഠിക്കുന്ന സഹോദരിമാരായ കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇളയ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനമാണെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ കുടുംബം ആദ്യം വാടകയ്ക്ക് താമസിച്ചിരുന്നത് ഷാജിയുടെ വീടിനടുത്തായിരുന്നു.ദരിദ്ര കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഷാജി പലപ്പോഴും പണം നൽകി കുടുംബത്തിൻ്റെ ദരിദ്ര്യം മുതലെടുക്കുകയായിരുന്നു.സ്കൂൾ കൗൺസിലിംഗിൽ മൂത്ത സഹോദരിയാണ് പീഡന വിവരം തുറന്നു പറഞ്ഞത്.
വനിതാ ശിശു വികസന വകുപ്പ് സ്കൂളിലെത്തി നടത്തിയ കൗൺസിലിംഗിനിടെ മൂത്ത സഹോദരിയിൽ നിന്നാണ് ആദ്യം വിവരങ്ങൾ ലഭിച്ചത്. പിന്നീട് രണ്ടുപേരെയും ഒപ്പം ഇരുത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോഴായിരുന്നു പീഡനം. ഒരു വർഷത്തോളമായി പെൺകുട്ടികളെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു ഇയാൾ.ഇളയ പെൺകുട്ടി മാനസികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ഇളയ കുട്ടിയുടെ മാനസികാവസ്ഥ വളരെ മോശമായ അവസ്ഥയിലാണെന്ന് കൗൺസിലർ പറയുന്നു.