സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകിട്ട്,മുഖ്യ മന്ത്രി അനുശോചിച്ചു

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന്  വൈകീട്ട് 6 മണിയ്ക്ക് എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.  ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ മരണം സംഭവിച്ചത്. 69 വയസ്സായിരുന്നു.

അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോ​ഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലയാള സിനിമയെ വാണിജ്യ വഴിയിലേക്ക് നടത്തിയ സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകർക്ക് മറക്കാനാകില്ല. സിദ്ധിഖ് – ലാല്‍ എന്ന പേരില്‍ ഇറങ്ങിയ അഞ്ച് സിനിമകളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ട്‌. എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളുടെ സ്രഷ്ടാക്കളായാണ് സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ട് അറിയപ്പെടുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല… എല്ലാം മറക്കാനാകാത്ത സിനിമകളാണ്.
ചിരിയുടെ ഗോഡ് ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലചിത്ര പ്രവർത്തകനായിരുന്നു .അനുഗ്രഹീത കലാകാരനായിരൂന്ന സിദ്ദിഖിന്റെ നിര്യാണം കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സിദ്ദിഖിന്റെ സിനിമകൾ വേറിട്ടുനിൽക്കുന്നവയാണ്. ഒരാൾക്ക് എളുപ്പത്തിൽ ഇണങ്ങാൻ കഴിയുന്ന കഥാപാത്രങ്ങളാണ് സിദ്ദിഖിൻ്റെ സിനിമകളിലുണ്ടായിരുന്നത്.ഹാസ്യത്തിനും വിനോദത്തിനും മാനദണ്ഡങ്ങൾ സ്ഥാപിച്ച സംവിധായകനായിരുന്നു.സിദ്ദിഖിന്റെ ദുഃഖകരമായ വിയോഗത്തിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായും ​ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.

കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും  കാക്കനാട് പള്ളിക്കരയിലുള്ള വസതിയിലും പൊതുദർശനത്തിനു വെയ്ച്ചു.