ആപ്പിൾ ഐഫോണ്‍ 15 ഇന്ത്യയിൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ നിർമ്മാണം തുടങ്ങി

ആപ്പിൾ ഐഫോണ്‍ 15 ഇന്ത്യയിൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിൽ നിർമ്മാണം തുടങ്ങി.ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചു ആപ്പിൾ.പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 12ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐഫോണ്‍ 15 ല്‍ മൂന്ന് വര്‍ഷത്തിന് ശേഷം വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.ക്യാമറയില്‍ ഉള്‍പ്പെടെ വലിയ മാറ്റം വരുമെന്നും പ്രോ മോഡലുകളില്‍ പരിഷ്കരിച്ച 3-നാനോമീറ്റര്‍ എ16 പ്രോസസറുകളായിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇറക്കുമതി ചെയ്യുന്ന നിര്‍മാണ ഘടകങ്ങളുടെ ലഭ്യതയും ഫോക്സ്കോണ്‍ ഫാക്ടറിയിലെ ഉത്പാദന വേഗതയും അനുസരിച്ച് മാത്രമേ ഇന്ത്യയിലെ ഐഫോണ്‍ 15 നിര്‍മാണം ഏത് നിലയിലെത്തുമെന്ന തീരുമാനമാകൂ.

കഴിഞ്ഞ ഏപ്രിലിൽ രാജ്യത്ത് ആപ്പിള്‍ തങ്ങളുടെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ തുറന്നിരുന്നു.ഐഫോണ്‍ നിര്‍മാണം വലിയ തോതില്‍ ചൈനയില്‍ നടന്നിരുന്ന സമയത്ത് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ 6 മുതല്‍ ഒന്‍പത് മാസം വരെ സമയം എടുത്തിരുന്നു.കഴിഞ്ഞ വര്‍ഷം മുതല്‍ ഇതില്‍ മാറ്റം വന്നിട്ടുണ്ട്.