ദേശീയ നേതാവാണ് രമേശ് ചെന്നിത്തല,തങ്ങളുടെ അടുക്കള കാര്യത്തിൽ ആരും ഇടപെടേണ്ട.കെസി വേണുഗോപാൽ

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയില്‍ രമേശ് ചെന്നിത്തലക്ക് അതൃപ്തിയെന്ന വാർത്തയിൽ പ്രതീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് രമേശ് ചെന്നിത്തലയെന്നും തങ്ങളുടെ അടുക്കളക്കാര്യത്തിൽ ആരും ഇടപെടേണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.

ജനാധിപത്യ പാര്‍ട്ടിയെന്നനിലയില്‍ പട്ടിക വിപ്ലവകരമാണെന്നും രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പാർട്ടിയ്ക്ക് മടിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.ദേശീയ നേതാവായായ രമേശ് ചെന്നിത്തലയെ കൃത്യമായി പാർട്ടി ഉപയോഗിക്കും.നിലവിൽ പട്ടികയിൽ ഉള്ളവർ ആരും മോശക്കാരല്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഉദയ്പൂർ ചിന്ദൻ ശിബിരിൽവെച്ച് തീരുമാനിച്ചതനുസരിച്ച് 50 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പിന്നോക്ക പട്ടിക ജാതി, പട്ടിക വര്‍ഗ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരായിരിക്കണമെന്നുള്ള തീരുമാനം പാലിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത് എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.