കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചു,മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട CBI കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റി.സിബിഐ അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികള്‍ അസമിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപെട്ടിരുന്നു.അത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇത്തരമൊരു തീരുമാനമെടുത്തത്.

വിചാരണാക്കോടതി ജഡ്ജിയെ തിരഞ്ഞെടുക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേസ് നടത്തിപ്പിനും കലാപബാധിതര്‍ക്ക് മൊഴികള്‍ നൽകാനും മറ്റും ഓണ്‍ലൈൻ സൗകര്യങ്ങൾ സിബിഐയ്ക്ക് ഉപോയോഗിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിചാരണ നടപടികള്‍ അസമിലേക്ക് മാറ്റുന്നതിനെ കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഹാജരായ അഭിഭാഷകരും എതിര്‍ത്തു. ഇവരുടെ ആവശ്യം മിസോറാമിലേക്ക് മാറ്റണമെന്നായിരുന്നു. എന്നാല്‍ മിസോറാമിലേക്ക് പോകണമെങ്കില്‍ അസം കടക്കണമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി കേസിന്റെ വിചാരണ നടപടികള്‍ അസമിന്റെ തലസ്ഥാനമായ ഗുവാഹത്തി കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.

മണിപ്പുരിലെ ജഡ്ജിമാര്‍ കേസുകള്‍ പരിഗണിക്കുന്നത് ഭാവിയില്‍ പക്ഷപാത ആരോപണങ്ങള്‍ക്ക് വഴിവെക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയിരുന്നു.