കോട്ടയം: മാസപ്പടി, കരുവന്നൂര്‍ ബാങ്ക് വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ഭരണത്തിൽ തിരിച്ചെത്തിയതുകൊണ്ട് അഴിമതി ആരോപണങ്ങൾ ഇല്ലാതാകുന്നില്ല. തുടർഭരണം കേരളം കൊള്ളയടിക്കാനുള്ള ലൈസൻസ് അല്ല. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ഇ ഡി അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടാത്തതെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
മന്ത്രി ആർ ബിന്ദുവിന് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ട്.എസി മൊയ്തീൻ മാത്രമല്ല സിപിഎമ്മിന്റെ പല നേതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും, ഇ പി ജയരാജന്റെ ഏറ്റവും അടുത്ത ആളാണ് ബാങ്ക് തട്ടിപ്പ് കേസിലെ ഇടനിലക്കാരനായ സതീശനെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഒത്തുകളി രാഷ്ട്രീയക്കാരുടെ വ്യാജഏറ്റുമുട്ടലാണ് പുതുപ്പള്ളിയിൽ നടക്കുന്നത് .വോട്ടർമാരെ ആശയ കുഴപ്പത്തിൽ ആക്കാൻ വേണ്ടിയാണ് ബിജെപി- യുഡിഎഫ് ബന്ധo മുഖ്യമന്ത്രി ആരോപിക്കുന്നത്. പലയിടത്തും എൽഡിഎഫ് യുഡിഎഫ് ഒന്നിച്ച് ഭരിക്കുന്നു.ചെന്നിത്തല, പാണ്ടനാട്,തിരുവൻവണ്ടൂർ,തിരുവില്വാമല അങ്ങനെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അഴിമതി ആരോപണങ്ങൾ മറക്കാനാണ് കിടങ്ങൂർ പഞ്ചായത്തിലെ ബന്ധം പറഞ്ഞു വരുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.