സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ വിറ്റഴിച്ചത് 116 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ വിറ്റഴിച്ചത് 116 കോടി രൂപയുടെ മദ്യം. തൃശൂരിൽ ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റിലാണ് (1.06കോടി) ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. രണ്ടാം സ്ഥാനത്ത് (1.01 കോടി) കൊല്ലം ആശ്രാമം പോർട്ടിലെ ഔട്ട്ലെറ്റും മൂന്നാം സ്ഥാനത്ത് 95 ലക്ഷത്തിന്റെ വിൽപ്പനയുമായി ചങ്ങനാശ്ശേരിയിലെ ഔട്ട്ലെറ്റ്റ്റുമുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ നാലുകോടി രൂപയുടെ മദ്യം അധികമായി വിറ്റു.

കഴിഞ്ഞവർഷം 112 കോടി രൂപയുടെ മദ്യമാണ് വിറ്റതെങ്കിൽ ഇത്തവണ അത് 116 കോടിയായി ഉയർന്നിട്ടുണ്ട്. അതായത്, നാലുകോടി രൂപയുടെ അധിക മദ്യ വിൽപനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സാധാരണയായി ഒന്നാം സ്ഥാനത്ത് എത്താറുള്ള തൃശ്ശൂർ ജില്ലയിൽ തന്നെയാണ് ഇത്തവണയും റെക്കോർഡ് മദ്യ വില്പന ഉണ്ടായിരിക്കുന്നത്.

നാലുകോടി രൂപ അധികം വിറ്റഴിഞ്ഞുവെങ്കിലും പ്രതീക്ഷിച്ചിരുന്നത് അതിലധികമായിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി മദ്യത്തിന് വില കൂടുതലാണ്. ബജറ്റിൽ ഉൾപ്പെടെ സെസ് ഏർപ്പെടുത്തിയതിലൂടെ മദ്യത്തിന് വില കൂടിയിട്ടുണ്ട്.അതുകൊണ്ട് മദ്യവിൽപ്പന റെക്കോർഡ് കണക്കല്ല എന്നാണ് ബെവ്‌കോ പറയുന്നത്.വിൽപ്പന ഉയർന്നിരുന്നുവെങ്കിൽ 130 കോടി രൂപയുടെ വരുമാനം ബെവ്‌കോയ്ക്ക് ലഭിക്കുമായിരുന്നു. ഓണാഘോഷത്തിന്റെ വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബെവ്‌കോ അധികൃതർ.