മലയാള സിനിമയുടെ കാരണവരാണ് മധു. നായകനായും സഹനടനായുമെല്ലാം തിളങ്ങി നിന്ന മധു മലയാളത്തിലെ സൂപ്പര്‍ താരമായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലം മുതൽ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ മധുവിന് കഴിഞ്ഞു. താരപദവിക്കോ നായക നിരയ്ക്കോ അപ്പുറം നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതിനാണ് മധു എന്നും പ്രാധാന്യം നൽകിയത്. വർഷങ്ങൾ നീണ്ട കരിയറിൽ 400 സിനിമകളിൽ മധു അഭിനയിച്ചു. 12 സിനിമകൾ സംവിധാനം ചെയ്തു. 15 സിനിമകൾ നിർമ്മിക്കുകയും ചെയ്തു.
തന്റെ സിനിമാ യാത്രയിൽ സംഭവിച്ച ചില രസകരമായ അനുഭവങ്ങളിൽ ചിലത് പങ്കുവെക്കുകയാണ് മധു.
” തുടക്കകാലത്ത് അഭിനയിച്ച സിനിമ ആയിരുന്നു കുട്ടിക്കുപ്പായം.കുട്ടിക്കുപ്പായം റിലീസ് ചെയ്തപ്പോള്‍ ഞാന്‍ മറ്റൊരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. തൃശുരാണ് ലൊക്കേഷന്‍. കുട്ടിക്കുപ്പായം അവിടെ റിലീസ് ചെയ്യുന്നു. ആ സിനിമ കാണാന്‍ ഞാനും ഒരു ചങ്ങാതിയും കൂടി സെക്കന്റ് ഷോയ്ക്ക് കയറി. പടം തുടങ്ങി കുറച്ച് സമയം കഴിഞ്ഞാണ് എത്തിയത്. ബാല്‍ക്കണിയില്‍ ഞങ്ങളിരുന്ന സീറ്റിനു മുന്നില്‍ ഇരുന്നിരുന്നത് ഒരു പയ്യനും പ്രായമുള്ള ഒരു ഹാജിയാരുമായിരുന്നു.
സിനിമയിലൊരു പാട്ടുണ്ട്. പാട്ടില്‍ എന്നെ കണ്ടതും ഹാജിയാര് ഉറക്കെ ആരാടാ ഈ ക്ഷയരോഗി? അത്രയ്ക്ക് മെലിഞ്ഞ രൂപമായിരുന്നു എന്റേത്. അതുകേട്ട് ആള്ക്കാര് പൊട്ടിച്ചിരിച്ചു. ഞാന്‍ മുന്നോട്ട് നീങ്ങി. അദ്ദേഹം കേള്‍ക്കാന്‍ പറഞ്ഞു, പുതിയ നടനാ, പേര് മധു. പിന്നെ പതുക്കെ തീയേറ്ററില്‍ നിന്നിറങ്ങിയ ഒറ്റയോട്ടമായിരുന്നു.”
“മൂടുപടം എന്ന സിനിമയിൽ എന്റെ ആദ്യത്തെ പ്രണയ രംഗമായിരുന്നു. ആദ്യം മടിച്ചെങ്കിലും പിന്നെ ചെയ്തു. അക്കാര്യത്തിൽ ഷീലയാണ് ഗുരു എന്ന് പറയാം. അവർ പറഞ്ഞത് അനുസരിച്ചാണ് ചെയ്തത്. അഭിനയിച്ച നായികമാരിൽ എല്ലാവരുമായും കംഫർട്ടബിൾ ആയിരുന്നു. എടുത്ത് പറയാൻ സാധിക്കുക ശ്രീവിദ്യയെയാണ്.
ശ്രീവിദ്യ കൂടുതൽ കഴിവുള്ള നടിയായിരുന്നു . ഡാൻസ് ചെയ്യും, പാട്ട് പാടും. ഭാഷ പെട്ടെന്ന് മനസിലാക്കും. എല്ലാ ഭാഷയിലും അവർ ഡബ് ചെയ്യും. എനിക്ക് 40-45 വയസായതോടെ ഞാൻ നല്ലത് പോലെ തടി വെച്ചു. എന്റെ കൂടെ നിൽക്കുമ്പോൾ അനുയോജ്യ ശ്രീവിദ്യയായിരുന്നു. ആളുകൾ ഇതൊരു നല്ല പെയർ ആണെന്ന് വിധിയെഴുതി. ശാരദയുടെയും ഷീലയുടെയും കൂടെ അഭിനയിച്ച എത്രയോ നല്ല പടങ്ങളുണ്ട്.”
“എനിക്ക് മിമിക്രിക്കാരോട് വെറുപ്പില്ല. അതൊരു കലയാണ്. പക്ഷെ മിമിക്രിയെന്നാൽ ഏത് ആർട്ടിസ്റ്റിനെ അനുകരിക്കുന്നോ അവരെ കാണിക്കണം. പക്ഷെ ഇന്നത്തെ മിമിക്രിക്കാർ അങ്ങനെയല്ല. മിമിക്രിക്കാരുടെ മിമിക്രിക്കാരാണ്. ഒറിജിനൽ ആളുകളെ മറക്കുന്നു.എന്റെ മുമ്പിൽ പത്ത് തവണയോളം കാണിച്ച് കഴിഞ്ഞത് വീണ്ടും കാണിക്കാൻ നോക്കിയപ്പോഴാണ് ജയറാമിനോട് മതിയെടേ എന്ന് പറഞ്ഞത്.”
“ഞാൻ ആദ്യമായി അഭിനയിച്ച മൂടുപടം എന്ന സിനിമയുടെ ക്യാമറാമാനായിരുന്നു വിന്‍സന്റ് മാഷ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാര്‍ഗ്ഗവീ നിലയം. അന്നത്തെ സിനിമകളുടെയെല്ലാം പാറ്റേണില്‍ നിന്നു വ്യത്യസ്തമായാണ് ഭാര്‍ഗവീ നിലയം ഒരുക്കിയത്. തീര്‍ത്തും വ്യത്യസ്തം.നിര്‍മ്മാതാവ് ചന്ദ്രതാര പ്രൊഡക്ഷന്‍സ് ഉടമ പരീക്കുട്ടി സാറിന് സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ഒറ്റ നിര്ബന്ധമേ ഉണ്ടായിരുന്നുള്ളൂ. സിനിമ കണ്ടു സ്ത്രീകള്‍ കരയണം. അത്തരം സിനിമകള്‍ വിജയിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു നടനെന്ന രീതിയില്‍ അംഗീകാരം കിട്ടിയ ചിത്രമായിരുന്നു ഭാര്‍ഗ്ഗവീ നിലയം.
ഭാര്‍ഗ്ഗവീ നിലയം ഇറങ്ങിയതോടെ നടനെന്ന നിലയില്‍ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. അന്നൊക്കെ റോഡില്‍ കൂടെ പോകുന്നവര്‍ താന്‍ വീട്ടിലുണ്ടെങ്കില്‍ ഉറക്കെ ഭാര്‍ഗ്ഗവിക്കുട്ടീ എന്ന് വിളിക്കുമായിരുന്നു.തീയേറ്ററിലെത്തിയ എന്റെ ആറാമത്തെ സിനിമയാണെന്ന് തോന്നുന്നു ഭാര്‍ഗ്ഗവീ നിലയം. ഞാനെപ്പോഴും ആലോചിച്ചിട്ടുണ്ട് ആ റോള്‍ എന്തുകൊണ്ട് വിന്‍സന്റ് മാഷ് തുടക്കകാരനായ എനിക്കു തന്നു എന്ന്. ഏതാണ്ട് ഒരു മണിക്കൂറോളം ഞാന്‍ ഒറ്റയ്ക്കാണു സിനിമ മുന്നോട്ട് കൊണ്ടു പോകേണ്ടത്. നായകനോ നായികയോ പ്രധാന കഥാപാത്രങ്ങളോ ഒന്നും അതുവരെ സ്ക്രീനില്‍ എത്തുന്നില്ല.
പിന്നെയാണ് അതിനുള്ള ഉത്തരം കിട്ടിയത്. അദ്ദേഹം എന്നില്‍ കണ്ട പ്ലസ് പോയന്റ് ഞാന്‍ ഒരു തുടക്കക്കാരന് ആണെന്ന് തന്നെയാണ്. അദ്ദേഹം പറഞ്ഞു തരുന്നത് അതുപോലെ സ്ക്രീനില്‍ എത്തിക്കുന്ന ഒരാള്‍. തന്റെ വേഷം ചെയ്ത ടൊവിനോ തോമസ് മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും പ്രേം നസീറിന്റെ കഥപാത്രത്തെ വീണ്ടും അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന് മുകളിൽ നിൽക്കുന്ന ഒരു താരത്തെ കാസ്റ്റ് ചെയ്യേണ്ടതായിരുന്നു.നായികയായ റിമ കല്ലിങ്കൽ നല്ല രീതിയിൽ അഭിനയിച്ചു. പക്ഷെ വിജയ നിർമ്മലയുടെ ലെവലിൽ വന്നില്ല.അഭിനേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മറ്റേത് താരങ്ങൾ അഭിനയിച്ചാലും നീലവെളിച്ചം ഭാർഗവി നിലയം പോലെ ആകില്ല.”
ഇന്നും പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്യാൻ താൽപര്യപ്പെടാത്ത 89 കാരനായ മധുവിന്റെ ജീവിതം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്..