ഐഎസ്ആർഒ ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു

ചെന്നൈ: ഐഎസ്ആർഒ ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിനിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിലെത്തി. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട് ഡൗൺ ശബ്ദമായിരുന്നു വളര്‍മതി.

ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം ലോകം കേട്ടത്.ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യമായി ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നൽകി ആദരിച്ചത്.

“ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിന്റെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗൺ. അപ്രതീക്ഷിതമായ വിയോഗം. സങ്കടം തോന്നുന്നു. പ്രണാമം”.ഐഎസ്ആർഒ മുൻ ഡയറക്ടർ ഡോ. പി വി വെങ്കിടകൃഷ്ണൻ വളര്‍മതിയെ അനുസ്മരിച്ചു.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു.