‘2018’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

ന്യൂഡൽഹി : കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയിലേക്ക് തിരഞ്ഞെടുത്തു.2018: എവരിവൺ ഈസ് എ ഹീറോ എന്ന സിനിമ 2018 ൽ കേരളം നേരിട്ട പ്രളയത്തിൽ തകർ‌ന്നടിഞ്ഞ മനുഷ്യരുടെ അതിജീവന കഥയാണ്.

കന്ന‍ഡ സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയാൽ മാത്രമേ ചിത്രത്തിന് അവാർഡിന് അർഹതയുള്ളൂ.കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷൻസിന്റെയും ബാനറിൽ വേണു കുന്നപ്പിള്ളിയും പത്മകുമാറും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചത്.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയും പ്രളയകാലത്ത് സ്വയം ഹീറോ ആയിമാറുകയും ചെയ്യുന്ന യുവാവിനെയാണ് ടൊവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലി, ലാൽ, നരേൻ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണി നിരന്ന സിനിമ തിയേറ്ററിലും വലിയ വിജയം നേടിയിരുന്നു.