തിരുവനന്തപുരം: മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമാണിത്.എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പോലീസിന്‍റെ നടപടി പുന:പരിശോധിക്കണമെന്നും ന്യൂസ് ക്ലിക്കിനെതിരായ കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. ബിബിസി, ന്യൂസ്‌ലോൻഡ്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കാശ്മീർ വാല, വയർ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളെ അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചിട്ടുണ്ട്. ഇതേ നടപടിയുടെ തുടർചയാണ് ഇപ്പോൾ ന്യൂസ്ക്ലിക്കുമായി ബന്ധപ്പെട്ടവർക്കെതിരെയും സ്വീകരിച്ചിരിക്കുന്നത്.അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനുനേരെയുള്ള പോലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.പിണറായി വിജയൻ പറഞ്ഞു.
അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ടാണ് വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്കിന്‍റെ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്ത അറസ്റ്റിലായത്. കേസില്‍ ചോദ്യംചെയ്യാനായി പുര്‍കയാസ്ഥയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്ത പോലീസ് സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ ചൊവ്വാഴ്ച റെയ്ഡും നടത്തി. ഇതിനുപിന്നാലെയായിരുന്നു അറസ്റ്റ്. നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.
അധികാരത്തിനു മുന്നിൽ പതറാതെ സത്യം തുറന്നു പറയുന്ന മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ അരങ്ങേറുന്ന സ്വേച്ഛാധിപത്യ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ആക്രമിക്കാനും അടിച്ചമർത്താനുമുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ രാജ്യസ്നേഹികളും ഒറ്റക്കെട്ടായി അണിചേരണമെന്ന് സിപിഎം ആഹ്വാനം ചെയ്തു.