മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രൻ ഹാജരാവണം,കോടതി

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം എല്ലാ പ്രതികളും ഈ മാസം 25 ന് നേരിട്ട് ഹാജരാകണമെന്ന് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി ഉത്തരവ്.

കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനിടിയിലാണ്. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ബിജെപി അധ്യക്ഷനെതിരായ കേസ്.കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി വി രമേശനാണ്‌ കാസർഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌.

പ്രതികളാരും തന്നെ കോടതിയിൽ ഹാജരാകാത്തത് അംഗീകരിക്കാനാകില്ലെന്നും ഉടൻ തന്നെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്നും നേരത്തേ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.കേസിൽ ഒരിക്കൽ പോലും സുരേന്ദ്രൻ ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രൻ വിടുതൽ ഹർജി നൽകിയതിനെ തുടര്‍ന്ന് കേസ് വിശദ വാദത്തിനായി മാറ്റിവെക്കുകയായിരുന്നു. വിടുതൽ ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ന് വിടുതൽ ഹർജി പരിഗണിക്കുമ്പോൾ കേസിലെ ആറ് പ്രതികളും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.

യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.