ഒരു വ്യക്തിയുടെ കോൾ അയാൾ അറിയാതെ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനം; ഹൈക്കോടതി

ന്യൂ ഡൽഹി : ഒരു വ്യക്തി അറിയാതെ അയാളുടെ ഫോൺ വിളികൾ റെക്കോർഡ് ചെയ്യുന്നത് ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യതയുടെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. വിവാഹമോചനക്കേസിൽ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരി കുടുംബ കോടതിയെ സമീപിച്ച പരാതിക്കാരിയുടെ വിവാഹമോചന കേസ് സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ആശ ലത സോണി എന്ന പരാതിക്കാരിയാണ് മഹാസമുന്ദ് കുടുംബ കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യുന്നതിനായി ചില സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു കൊണ്ടുവന്നത് ഭർത്താവ് കോടതിയിൽ അറിയിച്ചതിനെ മഹാസമുന്ദ് കുടുംബ കോടതി അംഗീകരിക്കുകയായിരുന്നു.ഇതിനെതിരെ പരാതിക്കാരിയുടെ ഹർജി പരിഗണിക്കവെ വിവാഹമോചന കേസിനായി അത്തരത്തിലുള്ള കോൾ റെക്കോർഡുകൾ പരിശോധിക്കാമെന്ന കുടുംബ കോടതിയുടെ ഉത്തരവ് തള്ളികൊണ്ടാണ് ജസ്റ്റിസ് രാകേഷ് മോഹൻ പാണ്ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുഭാഗങ്ങളുടെ വാദം കേട്ടതിന് ശേഷമാണ് ഹൈക്കോടതി കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. പരാതിക്കാരിക്ക് വിവാഹിതേര ബന്ധമുണ്ടെന്ന് കോടതിയെ അറിയിച്ച് ജീവനാംശം നൽകാതിരിക്കുന്നതിന് വേണ്ടിയാണ് ഭർത്താവ് കോൾ റെക്കോർഡുകൾ തെളിവായി കുടുംബ കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങിയത്.ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.